Advertisements
|
മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ ലോബിയിങ്ങും?
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ളേവ് മേയ് ഏഴിന് വത്തിക്കാനിലെ സിസ്റൈ്റന്‍ ചാപ്പലില്‍ തുടങ്ങുകയാണ്. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള അണിയറ നീക്കങ്ങളും റോമില്‍ സജീവമാണ്. ഡിന്നര്‍ പാര്‍ട്ടികളും സ്വകാര്യ കൂടിയാലോചനകളും അടക്കമുള്ള ലോബിയിങ് പ്രവര്‍ത്തനങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവാണെന്നാണ് വത്തിക്കാനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
2013ല്‍ ഇതുപോലെ കോണ്‍ക്ളേവിനു മുന്നോടിയായി നടത്തിയ ശക്തമായ ലോബിയിങ്ങാണ് ഹോര്‍ഹെ മരിയ ബര്‍ഗോഗ്ളിയോ എന്നു പേരായ, അര്‍ജന്‍റീനയില്‍നിന്നുള്ള പുരോഗമനവാദിയായ ജെസ്യൂട്ടിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിച്ചത്. ആ കര്‍ദിനാള്‍ ബര്‍ഗോഗ്ളിയോയാണ് മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന പേരു സ്വീകരിച്ച് സഭയിലെ തീവ്രമായ പരിഷ്കരണ യത്നങ്ങള്‍ക്കു നാന്ദി കുറിച്ചത്. വെസ്ററ്മിനിസ്ററര്‍ ആര്‍ച്ച്ബിഷപ്പായി വിരമിച്ച കര്‍ദിനാള്‍ കോര്‍മാക് മര്‍ഫി ഒകോണറുടെ നേതൃത്വത്തിലുള്ള യൂറോപ്യന്‍ സഭാ നേതാക്കളായിരുന്നു അന്നത്തെ നീക്കത്തിന് ഊര്‍ജം പകര്‍ന്നത്.
ഇതില്‍ അസ്വസ്ഥരായ യാഥാസ്ഥിതിക വിഭാഗം ഇക്കുറി കൂടുതല്‍ ആസൂത്രിതമായ കരുനീക്കങ്ങളാണ് നടത്തുന്നത്. പലസ്തീനു വേണ്ടി സംസാരിച്ചതും, സ്വവര്‍ഗപ്രേമികളെ അംഗീകരിച്ചതും, വത്തിക്കാനില്‍ അഭയാര്‍ഥികളെ സ്വീകരിച്ചതും, പലസ്തീനു വേണ്ടി ഇസ്രയേലിനെതിരേ സംസാരിച്ചതും ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള യാഥാസ്ഥിതിക വിഭാഗത്തിന്‍റെ എതിര്‍പ്പ് വര്‍ധിക്കാന്‍ കാരണമായിരുന്നു.
പഴയ കര്‍ദിനാള്‍ ഒകോണറുടെ സ്ഥാനത്ത് കര്‍ദിനാള്‍ വിന്‍സെന്‍റ് നിക്കോള്‍സാണ് ഇപ്പോള്‍ വെസ്ററ്മിനിസ്ററര്‍ ആര്‍ച്ച്ബിഷപ്പ്. എന്നാല്‍, താന്‍ മുന്‍ഗാമിയില്‍ നിന്നു വ്യത്യസ്തനാണെന്നും, ആര്‍ക്കു വേണ്ടിയും വോട്ട് പിടിക്കാന്‍ ഇറങ്ങുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, മാര്‍പാപ്പ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ലോബിയിങ്ങിനെക്കുറിച്ച് ചില ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ അദ്ദേഹം തയാറായി.
കോണ്‍ക്ളേവില്‍ പങ്കെടുക്കാനുള്ള കര്‍ദിനാള്‍മാര്‍ വത്തിക്കാനില്‍ ഇതിനകം എത്തിക്കഴിഞ്ഞു. കത്തോലിക്കാ സഭയുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ്, എങ്ങനെയുള്ള മാര്‍പാപ്പയെ തെരഞ്ഞെടുക്കണമെന്നുള്ള ചര്‍ച്ചകളില്‍ അവര്‍ സജീവമാണ്. 80 വയസില്‍ താഴെയുള്ള കര്‍ദിനാള്‍മാര്‍ക്കു മാത്രമാണ് മാര്‍പാപ്പ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം. എന്നാല്‍, 80 വയസിനു മുകളിലുള്ളവര്‍ക്കും ചര്‍ച്ചകളില്‍ പങ്കെടുക്കാം.
ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള ആദരസൂചകമായി ദുഃഖാചരണം നടത്തുന്ന ഒമ്പതു ദിവസവും ഉച്ചയ്ക്കു ശേഷമുള്ള കുര്‍ബാന സമയത്തൊഴികെ മുഴുവന്‍ സമയവും കര്‍ദിനാള്‍മാര്‍ സ്വതന്ത്രരാണ്. ഒറ്റയ്ക്കും കൂട്ടമായും നടക്കാനിറങ്ങുന്നവരെയും പുറത്തുപോയി ഭക്ഷണം കഴിക്കുന്നവരെയുമൊക്കെ റോമില്‍ കാണാം. ഇക്കൂട്ടത്തില്‍ നിന്ന് പുതിയ മാര്‍പാപ്പയുടെ ചിത്രം കുറഞ്ഞ പക്ഷം തന്‍റെ മനസിലെങ്കിലും തെളിഞ്ഞു തുടങ്ങിയെന്നാണ് കര്‍ദിനാള്‍ നിക്കോള്‍സ് അവകാശപ്പെടുന്നത്. വിശ്വാസത്തിന്‍റെ ആഴം മാത്രമല്ല, അതിന്‍റെ സുതാര്യത കൂടി പ്രകടമാക്കാന്‍ കഴിയുന്ന ഒരാളെയാണ് അടുത്ത മാര്‍പാപ്പയായി വേണ്ടതെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.
കടുത്ത യാഥാസ്ഥിതികനായിരുന്ന ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയാണ് നിക്കോള്‍സിനെ വെസ്ററ്മിനിസ്ററര്‍ ആര്‍ച്ച്ബിഷപ്പായി നിയമിക്കുന്നത്. കര്‍ദിനാളാക്കുന്നത് ഉത്പതിഷ്ണുവായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയും. ഫ്രാന്‍സിസിന്‍റെ രീതികള്‍, ജോണ്‍ പോള്‍ രണ്ടാമന്‍റെയും ബനഡിക്റ്റ് പതിനാറാമന്‍റെയും നിലപാടുകളുടെ കൂടി അടിസ്ഥാനത്തില്‍ മുന്നോട്ടു കൊണ്ടുപോകുന്നയാളെയാണ് പുതിയ മാര്‍പാപ്പയായി താന്‍ കാണുന്നതെന്ന് കര്‍ദിനാള്‍ നിക്കോള്‍സ് വിശദീകരിക്കുന്നു. അതായത്, സഭയിലെ പുരോഗമനവാദികള്‍ക്കും യാഥാസ്ഥിതികവാദികള്‍ക്കും ഒരുപോലെ സ്വീകാര്യനാകുന്ന ഒരു ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥി എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഫ്രാന്‍സിസിന്‍റെ പരിഷ്കരണവാദവും, പാവങ്ങള്‍ക്കും പാര്‍ശ്വത്കരിക്കപ്പെട്ടവര്‍ക്കും അദ്ദേഹം നല്‍കിയ പ്രത്യേക പരിഗണനയും, പരിസ്ഥിതിക്കും മനുഷ്യരാശിക്കും നല്‍കിയ പ്രാധാന്യവും തുടര്‍ന്നു പോകേണ്ടതാണെന്ന പക്ഷമാണ് കര്‍ദിനാള്‍ നിക്കോള്‍സിന്. എന്നാല്‍, ഇത്തരം നിലപാടുകള്‍ക്ക് ആഴത്തില്‍ വേരോട്ടവും സ്ഥിരതയുമുണ്ടാകാന്‍ സഭയുടെ വിശ്വാസപരമായ അടിത്തറ കൂടുതല്‍ ശക്തമാകണമെന്നും അദ്ദേഹം പറയുന്നു.
കര്‍ദിനാള്‍ ബര്‍ഗോഗ്ളിയോയെ ഫ്രാന്‍സിസ് മാര്‍പാപ്പയാക്കിയ മര്‍ഫി ഒകോണറുടെയും പരിഷ്കരണവാദികളായ മറ്റു കര്‍ദിനാള്‍മാരുടെയും ശ്രമങ്ങളെക്കുറിച്ച് 'ദ ഗ്രേറ്റ് റിഫോര്‍മര്‍' എന്ന പുസ്തകത്തില്‍ ഓസ്ററന്‍ ഐവറീ വിശദീകരിച്ചിട്ടുണ്ട്. സമാനമനസ്കരായ ഈ കര്‍ദിനാള്‍മാര്‍ അറിയപ്പെട്ടിരുന്നത് 'ടീം ബര്‍ഗോഗ്ളിയോ' എന്നാണത്രെ. കര്‍ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍, ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയായി മാറിയ 2005ലെ കോണ്‍ക്ളേവില്‍ തന്നെ ഇവര്‍ കര്‍ദിനാള്‍ ബര്‍ഗോഗ്ളിയോയ്ക്കു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു. പക്ഷേ, അന്നത്തെ ഉദ്യമം വിജയം കണ്ടില്ല.
2013ലെ കോണ്‍ക്ളേവിന്‍റെ സമയത്തേക്ക് ഇവരില്‍ പലരും വോട്ട് ചെയ്യാനുള്ള പ്രായപരിധി പിന്നിട്ടിരുന്നു. എന്നാല്‍, പഴയ ശ്രമം പുനരുജ്ജീവിപ്പിക്കുന്നതിന് അവര്‍ക്ക് ഇതൊന്നും തടസമായില്ല. ആദ്യ ബാലറ്റില്‍ തന്നെ ബര്‍ഗോഗ്ളിയോയ്ക്ക് 25 വോട്ടെങ്കിലും ഉറപ്പിക്കുക എന്നതായിരുന്നു അവരുടെ ആദ്യ ലക്ഷ്യം. റോമിലെ യുഎസ് സെമിനാരിയായ നോര്‍ത്ത് അമെരിക്കന്‍ കോളെജില്‍ നടത്തിയ ഡിന്നര്‍ പാര്‍ട്ടിയില്‍ വച്ചാണ് ആദ്യ ലാറ്റിനമെരിക്കന്‍ മാര്‍പാപ്പയാകാനിടയുള്ള കര്‍ദിനാള്‍ ബര്‍ഗോഗ്ളിയോയുടെ യോഗ്യതകളെക്കുറിച്ച് മര്‍ഫി ഒകോണര്‍ വിശദമായി സംസാരിക്കുന്നത്.
ഇത്തരത്തില്‍ നിരവധി വിരുന്ന് സത്കാരങ്ങള്‍ ഒകോണറുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു. എന്നാല്‍, ഒകോണറുടെ പിന്‍ഗാമിയായ നിക്കോള്‍സ് ഇത്തരം താത്പര്യങ്ങളൊന്നും പരസ്യമായി പറയാന്‍ തത്കാലം തയാറല്ല. രാഷ്ട്രീയ തെരഞ്ഞെടുപ്പ് പോലെ, എന്‍റെ ഭാഗം ജയിക്കണം എന്ന മനസ്ഥിതിയോടെ കോണ്‍ക്ളേവിനു പോകുന്നതു നല്ലതല്ലെന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. |
|
- dated 04 May 2025
|
|
Comments:
Keywords: Europe - Otta Nottathil - vatican_pope_conclave_lobbying Europe - Otta Nottathil - vatican_pope_conclave_lobbying,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|